ഭരണഘടനാ പ്രസംഗം: കൂട്ടത്തിൽ ഒറ്റുകാരനുണ്ടായിരുന്നുവെന്ന് സജി ചെറിയാൻ
ഷീബ വിജയൻ
തന്റെ വിവാദമായ ഭരണഘടനാ പ്രസംഗത്തെക്കുറിച്ച് മനസ്സ് തുറന്ന് സജി ചെറിയാൻ എംഎൽഎ രംഗത്തെത്തി. വെൺമണിയിൽ വച്ച് നടന്ന ഗോവ മുൻ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ ഒരു രാഷ്ട്രീയ യോഗത്തിൽ സംസാരിക്കുമ്പോൾ തന്റെ സ്വന്തം കൂട്ടത്തിൽ തന്നെ ഒരു ഒറ്റുകാരൻ ഉണ്ടായിരുന്നുവെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം പഠിച്ചതുകൊണ്ട് തന്നെ എവിടെ, എന്ത് പറയണമെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അന്ന് കേവലം പത്തോ നാൽപ്പതോ പേർ മാത്രമാണ് ആ യോഗത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും അന്ന് ആ പ്രസംഗം നടത്തിയത് നന്നായെന്നാണ് സജി ചെറിയാൻ പറയുന്നത്. അതിനുശേഷമാണ് നാട്ടിലെ പലരും ഭരണഘടനാ പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങിയതെന്നും ചിലർ അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റാരെക്കാളും ഭരണഘടനയെ താൻ സ്നേഹിക്കുന്നുണ്ടെന്നും ജനാധിപത്യ-മതേതര സംവിധാനങ്ങളെ നിലനിർത്താൻ ഭരണഘടനയിൽ ഊന്നി വേണം പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. നാടൻ ഭാഷയിൽ സംസാരിക്കുന്നത് സാഹിത്യം അറിയാത്തതുകൊണ്ടല്ലെന്നും താൻ ഒരു രാഷ്ട്രീയ സൈദ്ധാന്തികനല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഭരണഘടനയ്ക്ക് ശോഷണം വരാതിരിക്കാൻ തന്റെ അഭിപ്രായങ്ങൾ ഇനിയും തുറന്നു പറയുമെന്നും പ്രഖ്യാപിച്ചു.
asasassa

