പ്രവാസികളുടെ ആശ്രിതർക്ക് താമസ വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു
കുവൈത്ത് സിറ്റി : പ്രവാസികളുടെ മാതാപിതാക്കളും സഹോദരങ്ങളുമടക്കമുള്ള ആശ്രിതർക്ക് താമസ വിസ നൽകുന്നതു കുവൈത്ത് നിർത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസ് പ്രാബല്ല്യത്തിലായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണു അധികൃതരുടെ നടപടി. പ്രവാസികളുടെ ആശ്രിതർക്ക് 300 ദിനാർ (ഏകദേശം 66,000 രൂപ) ഫീസ് ഈടാക്കാനുള്ള നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. 200 ദിനാർ (ഏകദേശം 44,000 രൂപ) ഇഖാമ ഫീസിനു പുറമേയാണിത്.
പുതിയ നിരക്കിൽ ഫീസ് അടയ്ക്കാൻ സന്നദ്ധരാകുന്നവർക്കും വിസ കിട്ടുന്നില്ല. അതേസമയം, പ്രവാസികൾക്കൊപ്പം നിലവിൽ കുവൈത്തിലുള്ള മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽ നിന്നും ഇഖാമ (താമസാനുമതി) പുതുക്കുന്നതിനൊപ്പം പുതിയ നിരക്കിലുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസും വാങ്ങുന്നുണ്ട്. ഇത്തരത്തിൽ പ്രവാസികളെ ആശ്രയിച്ചുകഴിയുന്ന 13,000 പേരിൽ 1500 പേർ ഈ മാസം ഇഖാമ പുതുക്കി.
അതേസമയം കുവൈത്തിൽ വിദേശികളുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധനവ് ഉടൻ ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിദേശികൾക്കായുള്ള നിർദ്ദിഷ്ട ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തന സജ്ജമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
നിലവിൽ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകിവരുന്ന കന്പനിയുമായുള്ള കരാർ അടുത്ത വർഷം ജനുവരി 27 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശികളുടെ ചികിത്സ ഇൻഷുറൻസ് ആശുപത്രിയിലേക്ക് മാറ്റിയാലും ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടവും നിരീക്ഷണവുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

