യാത്രക്കാർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: അവധിക്കാല യാത്രകൾക്ക് മുന്നോടിയായി സ്വദേശികളും വിദേശികളുമായ യാത്രക്കാർ വീടുകളിലും വിമാനത്താവളങ്ങളിലും വിദേശത്തും പുലർത്തേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപായി ലക്ഷ്യസ്ഥാനത്തെ യാത്രാ മാനദണ്ഡങ്ങളും സുരക്ഷാ നിയമങ്ങളും കൃത്യമായി മനസ്സിലാക്കണമെന്നും യാത്രയിലുടനീളം അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെയും അവരുടെ ലഗേജുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

യാത്ര പോകുന്ന സമയങ്ങളിൽ വീടുകളിൽ മോഷണം നടക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. വീടുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന തോന്നൽ ഉണ്ടാക്കാതിരിക്കാൻ ലൈറ്റ് ടൈമറുകൾ ഉപയോഗിക്കുക, ബന്ധുക്കളോട് വീടും പരിസരവും വന്ന് നോക്കാൻ ഏർപ്പാടാക്കുക എന്നിവ ചെയ്യേണ്ടതാണ്. യാത്ര തിരിക്കും മുൻപ് പാസ്‌പോർട്ടിന്റെ കാലാവധി ഉറപ്പുവരുത്തുക, ആവശ്യമായ വിസകൾ, യാത്രാ ഇൻഷുറൻസ്, താമസം എന്നിവ മുൻകൂട്ടി ക്രമീകരിക്കുക, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരുക എന്നിവയും പ്രധാനമാണ്. നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്. ക്യാബിൻ ബാഗേജുകളിൽ ദ്രാവകങ്ങളും ജെല്ലുകളും കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പാലിക്കണം. അപരിചിതരിൽ നിന്ന് യാതൊരുവിധ പാക്കറ്റുകളും വാങ്ങി സൂക്ഷിക്കരുത്. പണം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ഓവർഹെഡ് ലോക്കറുകളിൽ വെക്കാതെ സ്വന്തം കൈവശം തന്നെ സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം.

റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർ വാഹനങ്ങൾ നല്ല അവസ്ഥയിലാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ രേഖകൾ കരുതുകയും വേണം. വിദേശത്ത് എത്തിക്കഴിഞ്ഞാൽ പാസ്‌പോർട്ടും മറ്റ് വിലപിടിപ്പുള്ള രേഖകളും ഹോട്ടൽ സേഫുകളിൽ സൂക്ഷിക്കുക, വലിയ തുകകൾ കൈവശം വെച്ച് നടക്കാതിരിക്കുക, പ്രാദേശിക അടിയന്തര നമ്പറുകൾ ഫോണിൽ സൂക്ഷിക്കുക എന്നിവ ചെയ്യണം. കൂടാതെ ബഹ്‌റൈൻ എംബസിയെ തങ്ങളുടെ യാത്രാ വിവരങ്ങൾ അറിയിക്കേണ്ടതാണ്. വിദേശത്തുവെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, അല്ലെങ്കിൽ മറ്റ് നിയമപരമായ തടസ്സങ്ങളിൽ അകപ്പെട്ടാൽ ഉടനടി ബഹ്‌റൈൻ എംബസിയുമായി ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

article-image

sfsdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed