ഇന്ത്യൻ മാങ്ങകളുടെ പ്രിയ ഇടമായി കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ഇന്ത്യൻ മാങ്ങകൾക്ക് കുവൈത്തിൽ വിപണി കണ്ടെത്തി ഇന്ത്യൻ എംബസി. ഇതിന്റെ ഭാഗമായി ഇന്ത്യൻ കാർഷിക-സംസ്കരിച്ച ഭക്ഷ്യ ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി നേതൃത്വത്തിൽ മാമ്പഴവും മറ്റു കാർഷികോൽപന്ന കയറ്റുമതിക്കാരുമായ 10 പേരടങ്ങുന്ന പ്രതിനിധി സംഘം കുവൈത്തിലെത്തി. അൽ റായിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 'മാമ്പഴ മാനിയ' മെഗാ പ്രമോഷനൽ പരിപാടി, ഇന്ത്യൻ മാമ്പഴ ഇനങ്ങളും മറ്റു മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്നതിനായി കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (കെ.സി.സി.ഐ) വാങ്ങൽ- വിൽപനക്കാരുടെ സംഗമം, അവന്യൂസ് മാളിൽ ഒരു ദിവസം നീണ്ടുനിന്ന 'മാമ്പഴ ഉത്സവം' എന്നിവ സംഘടിപ്പിച്ചു.
വ്യത്യസ്ത രുചിയിലും മണത്തിലും ഗുണമേന്മയിലും പേരുകേട്ട അമ്രപാലി, ഫാസ്ലി, മല്ലിക, ലാംഗ്ര, ചൗസ, ദുഷേരി എന്നീ പ്രീമിയം ഇനം മാമ്പഴങ്ങൾ മേളയിൽ അവതരിപ്പിച്ചു. കുവൈത്ത് ഉദ്യോഗസ്ഥരുടെയും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും മാധ്യമങ്ങളുടെയും ബിസിനസ് പ്രതിനിധികളുടെയും ഇന്ത്യൻ പ്രവാസികളുടെയും ആവേശകരമായ പങ്കാളിത്തം മേളയിലുണ്ടായി. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി പേർ ഈ വ്യത്യസ്ത തരം മാമ്പഴങ്ങൾ ആസ്വദിച്ചു. ജൂലൈ 27 വരെ ഇന്ത്യൻ റസ്റ്റാറന്റ് ശൃംഖലയായ 'ആശാസിന്റെ' ഔട്ട്‌ലെറ്റുകളിൽ മാമ്പഴോത്സവം നടക്കുന്നുണ്ട്.
ADSASADS