കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ നടപ്പിലാകും
കുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, താമസം എന്നിവക്ക് പ്രത്യേക വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ റെസിഡൻസി നിയമം ഉടൻ നടപ്പിലാകും. നവംബർ 12ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ നിയമത്തിന് കുവൈത്ത് അമീറും അനുമതി നൽകി. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ കാതലായ ഭേദഗതി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
റെസിഡൻസി സംവിധാനത്തെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുകയാണ് പുതിയ നിയമത്തിലൂടെയുള്ള ലക്ഷ്യം. ഏഴ് അധ്യായങ്ങളും 36 ആർട്ടിക്കുകളും ഉൾപ്പെടുന്ന നിയമത്തിൽ, നിയമലംഘനങ്ങൾക്ക് തടവും കനത്ത പിഴയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, റെസിഡൻസ് പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ-സർക്കാറിതര തൊഴിലാളികൾ, സ്പോൺസറുടെ ഉത്തരവാദിത്തം, ഫീസും ഇളവുകളും, മനുഷ്യകടത്തും അനുബന്ധ കുറ്റകൃത്യങ്ങളും, ശിക്ഷാനടപടികൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു.രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ പ്രവാസികൾക്കും സാധുതയുള്ള പാസ്പോർട്ട് കൈവശം വേണം. ജി.സി.സി പൗരന്മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കുവൈത്തിൽ താമസിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള റെസിഡൻസി പെർമിറ്റ് നിർബന്ധമാണ്.
വിദേശികൾക്ക് പരമാവധി അഞ്ചു വർഷം വരെ ഇനി താമസരേഖ ലഭിക്കും. നിക്ഷേപക വിസയിലുള്ളവർക്ക് 10 വർഷം വരെയും അനുവദിക്കും. സന്ദർശക വിസയിൽ കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കൂ. കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിടണം. പ്രത്യേക അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് നാല് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തുടരാന്‍ കഴിയില്ല. ഗാർഹികേതര തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് ആറുമാസം വരെ താമസിക്കാം ഗാർഹിക തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുപോയാൽ രണ്ട് ആഴ്ചക്കകം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകണം.
വിദേശികൾക്ക് കുട്ടി ജനിച്ചാൽ വൈകാതെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തപക്ഷം നാല് മാസത്തിനകം രാജ്യം വിടണം. നിയമലംഘകരെയും ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തവരെയും നാട് കടത്തും. നാടുകടത്തുന്ന പ്രവാസികളെ 30 ദിവസം തടങ്കലിൽ വെക്കാം. ആവശ്യമുണ്ടെങ്കിൽ കാലാവധി നീട്ടാം. നാടുകടത്തുന്നവരുടെ മുഴുവൻ ചെലവുകളും സ്പോൺസർ വഹിക്കണം. താമസരേഖ കാലാവധി കഴിഞ്ഞവർക്ക് ജോലിയും താമസ സൗകര്യവും നൽകിയാൽ കനത്ത ശിക്ഷ.
ംും്ിു