പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ ഒളിവിൽ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യാൻ വേണ്ടി ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്നും ബാംഗ്ലൂർ വരെ ഒരുമിച്ച് സഞ്ചരിച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ രാഹുലിന് ടിക്കറ്റ് എടുത്ത് നൽകിയതും രാജേഷാണ്.
രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ രാഹുൽ താൻ വിദേശത്താണെന്നും എന്നാൽ രാജ്യം ഏതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു.
ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴിയാണ് പ്രതി ജർമനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജർമനിയിൽ നിന്ന് രാഹുൽ ഫോൺ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.
dscdfsdfs