തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ഒഴിഞ്ഞു; വനംവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധന ഒഴിവാക്കി


തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവാദ ഭാഗങ്ങള്‍ നീക്കും. വനംവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നായിരുന്നു എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്. പ്രതിഷേധം തൃശ്ശൂർ പൂരത്തിന് അടക്കം ഭീഷണിയായി മാറിയതോടെയാണ് വനംവകുപ്പ് ഡോക്ടര്‍മാരുടെ റീ ഫിറ്റ്‌നെസ് പരിശോധന ഒഴിവാക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നത്.

'പ്രവര്‍ത്തനങ്ങളില്‍ ആശങ്കവേണ്ട. സിസിഎഫുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സംബന്ധിച്ച് വനം മന്ത്രിയുമായി ചര്‍ച്ച നടത്തി. വിവാദഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ നിര്‍ദേശം നല്‍കും.' മന്ത്രി കെ രാജന്‍ പറഞ്ഞു.

നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വനംവകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വനംവകുപ്പ് ആദ്യം ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാട് ഇതിന് പിന്നാലെ ആന ഉടമകളുടെ സംഘടന സ്വീകരിച്ചിരുന്നു.

സര്‍ക്കുലര്‍ വിവാദമായതോടെ നാട്ടാന സര്‍ക്കുലറില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരുന്നു. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം വനംവകുപ്പ് പിന്‍വലിക്കുകയായിരുന്നു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വനംവകുപ്പിന്റെ വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം വേഗത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed