ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി ഇല്ല; നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍ എംപി. തനിക്ക് നോട്ടീസ് നൽകിയത് ബോധപൂർവ്വം അപമാനിക്കാനാണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും കെ. മുരളീധരന്‍ കൂട്ടിചേർത്തു. “പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് നോട്ടീസ്. എന്റെ പ്രസ്താവനയിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റിന് എന്നെ നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. നേരിട്ടും പറഞ്ഞിട്ടില്ല. ഫോണിലൂടേയും പറഞ്ഞിട്ടില്ല. എന്നെ ഇന്‍സൾട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം. അത്തരത്തിൽ ഒരു സംതൃപ്തി അദ്ദേഹത്തിന് കിട്ടിയെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ല.” കെ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെ മുരളീധരന്‍ എംപിക്കും എംകെ രാഘവനും കെപിസിസി നേതൃത്വം കത്ത് നൽകിയിരിക്കുന്നത്. പാർട്ടിക്കെതിരെ പൊതു വേദിയിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവർക്കും കത്തയച്ചത്. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ പാടില്ലെന്ന് കർശന നിർദേശമാണ് എംകെ രാഘവന് നൽകിയിരിക്കുന്നത്. പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമാണ് കെ മുരളീധരന് ലഭിച്ചിരിക്കുന്ന നോട്ടീസ്. കഴിഞ്ഞ ദിവസവും കെ മുരളീധരന്‍ പാർട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. ‘പാർട്ടി പ്രവർത്തനം നിർത്തണമെന്ന് പറയുകയാണെങ്കിൽ നിർത്താന്‍ തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായം പറയരുതെന്നാണെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വാ തുറക്കില്ല.’ എന്നായിരുന്നു മുരളീധരന്‍ പ്രതികരിച്ചത്.
4rye