വിദ്യാർഥികൾക്കെതിരേ നടത്തിയ പരാമര്‍ശം; മാപ്പ് പറഞ്ഞ് കാസർഗോഡ് ഗവൺമെന്‍റ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമ

വിദ്യാർഥികൾക്കെതിരേ നടത്തിയ പരാമര്‍ശങ്ങളിൽ മാപ്പ് പറഞ്ഞ് കാസർഗോഡ് ഗവൺമെന്‍റ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമ. വാർത്താക്കുറിലൂടെയായിരുന്നു മുൻ പ്രിൻസിപ്പലിന്‍റെ ക്ഷമാപണം. തന്‍റെ പരാമർശങ്ങൾ കൊണ്ട് വിദ്യാർഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളജിന്‍റെ പ്രതിച്ഛായക്ക് ഉണ്ടായ മങ്ങലിലും താൻ നിർവ്യാജം മാപ്പ് പറയുന്നതായി രമ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐക്കെതിരേ കടുത്ത ആരോപണങ്ങളാണ് കുറിപ്പിൽ രമ ഉന്നയിച്ചത്. എസ്എഫ്ഐ പ്രവർത്തകർ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും തനിക്കെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും കുറിപ്പിൽ ആരോപണമുണ്ട്.
ക്യാംപസിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടതിനെത്തുടർന്ന് പരാതിപ്പെടാൻ എത്തിയ വിദ്യാർഥികളോട് തനിക്ക് മുന്നിൽ ഇരിക്കാൻ പാടില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണാൻ തനിക്കിപ്പോൾ സമയമില്ലെന്നും രമ പറഞ്ഞതായിരുന്നു സംഭവങ്ങളുടെ തുടക്കം. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തതോടെ രമ പുറത്തിറങ്ങി ചേംബറിനുള്ളിൽ പതിനഞ്ചോളം വിദ്യാർഥികളെ പൂട്ടിയിടുകയായിരുന്നു. വിവാദമായതോടെ രമയെ മന്ത്രി ആർ.ബിന്ദു ഇടപെട്ട് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു.
swetesty