വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകളെ തിരിച്ചറിഞ്ഞ് ഗവേഷകർ

വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകളെ തിരിച്ചറിഞ്ഞെന്ന് ഗവേഷകർ. റബ്ബറും മരവും ലോഹവും തുരക്കുന്ന കുഞ്ഞൻ വണ്ടുകൾ കൂട്ടത്തോടെ എത്തിയത് പ്രളയശേഷമെന്നും അനുമാനം. നൂറുകണക്കിന് വാഹനങ്ങളിൽ ഇന്ധനചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടന്ന് നടത്തിയ പഠനത്തിലാണ് വണ്ടുകളെകുറിച്ചുള്ള രഹസ്യം ചുരുളഴിഞ്ഞത്. കാറുകളിലെ റബ്ബർപൈപ്പ് തുരന്ന് പെട്രോൾ ചോർച്ചയുണ്ടാക്കുന്ന വണ്ടുകൾ. സ്‌കോളിറ്റിഡേ കുടുംബത്തിൽപെട്ട സൈലോസാൻഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളായണി കാർഷിക സർവകലാശാലയിലെ ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. മരം, റബ്ബർ ചില ലോഹങ്ങൾ ഇങ്ങിനെ എന്തും ഇവ തുരക്കും.
2018ലെ മഹാപ്രളയശേഷം കൂട്ടത്തോടെ എത്തിയ ഇവ മാസങ്ങൾക്കകം നൂറുകണക്കിന് കാറുകളിലാണ് പെട്രോൾ ചോർച്ച ഉണ്ടാക്കിയത്. കാലിക്കടവ് ആണൂരിൽ വർക്ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രനാണ് പൈപ്പിൽനിന്ന് വണ്ടിനെ ശേഖരിച്ചത്. പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും വെള്ളായണി കാർഷിക സർവകലാശാലയിലേക്ക് വണ്ടിനെ വിദഗ്ധപഠനത്തിന് അയച്ചു. വെള്ളായണി കാർഷിക സർവകലാശാല എന്റമോളജിവിഭാഗം 2018 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ ചാപ്പന്‍തോട്ടം സന്ദർശിച്ചു. ജാതി, കരയാമ്പു, മഹാഗണി, ആര്യവേപ്പ്, സപ്പോട്ട തുടങ്ങിയവ കീടം ആക്രമിച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഈ കീടങ്ങൾ സൈലോസാൻഡ്രസ് സ്പീഷീസ് വിഭാഗത്തിൽ പെട്ട വണ്ടുകളാണെന്ന് തായ്ലാൻഡിലെ ഡോ. റോഗർ ബീവർ, ചിഹാ മായി എന്നിവർ സ്ഥിരീകരിച്ചു. പഠനം ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസിന്റെ ജേണലിൽ 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018−ലെ പ്രളയത്തിനുശേഷം കൂട്ടത്തോടെ വന്ന വണ്ടുകളും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി ഡോ. കെ.ഡി. പ്രതാപന്‍ പറഞ്ഞു. 2.5 മില്ലിമീറ്റർ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാർഡ് വുഡ്, റബ്ബർ എന്നിവ തുരക്കും. ചില ലോഹങ്ങളും. ചെടികൾ (മരങ്ങൾ) ദുർബലമാകുമ്പോൾ ആൽക്കഹോൾ പുറപ്പെടുവിക്കും. അത് ആകർഷിച്ചാണ് വണ്ടുകൾ വരുന്നതും തുരക്കുന്നതും. പെട്രോളിൽ ഇപ്പോൾ എഥനോൾ ചേർക്കുന്നുണ്ട്. എഥനോൾ വണ്ടിനെ ആകർഷിക്കും. ഇതാണ് വാഹനങ്ങൾ തേടി വണ്ടുകൾ എത്താൻ കാരണം.
fggf