വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് രാജീവ് എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വോട്ടുപെട്ടി മലപ്പുറത്തേക്കു കൊണ്ടുപോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. ഇവർക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കളക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസിൽ ഹൈക്കോടതിയിൽ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷൽ തപാൽവോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളിൽ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
പിന്നീട് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിൽനിന്നാണ് പെട്ടി കണ്ടെത്തിയത്. വോട്ടുപെട്ടി കാണാതായ സംഭവം അതീവഗുരുതരമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി 348 സ്‌പെഷൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
fdfg