മകരവിളക്ക്; സന്നിധാനത്തേയ്ക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 12മണിവരെ മാത്രം

മകരവിളക്ക് ദിവസം തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്തേയ്ക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 12 വരെയാക്കി നിജപ്പെടുത്തി. 12ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. തിരക്ക് നിയന്ത്രിക്കാൻ വൻ സന്നാഹവും പൊലീസ് ഒരുക്കിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടുള്ള മകരവിളക്ക് മഹോത്സവം ആയതിനാൽ റെക്കോർഡ് തീർത്ഥാടകർ വരുമെന്നാണ് പ്രതീക്ഷ. മകരജ്യോതി ദർശിക്കുന്നതിന് ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സുഖകരമായ ദർശനവും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തീർത്ഥാടകർ കൂടുതലായി നിൽകുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും.
ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ റേഞ്ച് ഐജിയും ഡിഐജിയും പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി.
102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷമാണ് മകരജ്യോതി കാണാൻ പുല്ലുമേട്ടിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞത്. ദുരന്തത്തിനു മുൻപ് വരെ മകരവിളക്ക് കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് പല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുല്ലുമേട്ടിലേയ്ക്ക് ആളുകളെ കടത്തിവിടുന്നത്.
rtufuy
rtufuy