മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ.കെ.ശൈലജ എന്നിവരുടെ ഫെയ്സ്ബുക് പേജുകൾ ഹാക്കു ചെയ്തത് പണം തട്ടാനും വിവരങ്ങൾ ചോർത്താനും


മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ.കെ.ശൈലജ എന്നിവരുൾപ്പെടെയുള്ളവരുടെ ഫെയ്സ്ബുക് പേജുകൾ ഹാക്കു ചെയ്ത സംഘം ഇവ ഉപയോഗിച്ചത് വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനും കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്താനും. വ്യാജ ലോട്ടറിയുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങൾ ചോർത്തുന്ന സോഫ്‌ട്‌വെയർ അടങ്ങിയ ലിങ്കുകളും പേജുകളിൽ പോസ്റ്റു ചെയ്തായിരുന്നു തട്ടിപ്പ്. കെ. രാജന്റെ ഹാക്ക് ചെയ്ത ഫെയ്സ്ബുക് പേജിൽ നിന്നു മാത്രം ഇത്തരത്തിലുള്ള രണ്ടായിരത്തിലേറെ പോസ്റ്റുകളാണ് സാങ്കേതിക വിദഗ്ധർക്കു നീക്കേണ്ടി വന്നതെന്ന് കൊച്ചിയിൽ നിന്നുള്ള സൈബർ വിദഗ്ധനും സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകനുമയ ജിയാസ് ജമാൽ പറഞ്ഞു. തന്റെ ഫെയ്സ്ബുക് പേജ് തിരികെ ലഭിച്ച വിവരം മന്ത്രി ഇന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

കൊച്ചി കോർപറേഷൻ മേയർ അനിൽകുമാർ, ആലുവ എംഎൽഎ അൻവർ സാദത്ത്, കുന്നത്തുനാട് മുൻ എംഎൽഎ വി.പി.സജീന്ദ്രൻ, മന്ത്രി വി.എൻ. വാസവൻ, മുൻ മന്ത്രി കെ.കെ.ശൈലജ തുടങ്ങി നിരവധി പേരുടെ ഫെയ്സ്ബുക് പേജുകൾ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

തട്ടിപ്പു നടത്തുമ്പോൾ വിശ്വസനീയത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വെരിഫൈഡ് പേജുകൾ ഹാക്കു ചെയ്യുന്നത്. നിരവധി സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സജീവ ഫെയ്സ്ബുക് പേജുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ഈ പേജുകളിൽ പോസ്റ്റു ചെയ്യുന്ന ലിങ്കുകൾ ഇന്ത്യയിൽ നിന്നു ബ്ലോക് ചെയ്യുകയും വിദേശ രാജ്യങ്ങളിൽ പണം നൽകി ബൂസ്റ്റു ചെയ്യുന്നതുമാണ് പതിവ്. അതിനാൽ ഈ പോസ്റ്റുകൾ ഇന്ത്യയിൽ ദൃശ്യമാകില്ല. ചെറിയ തുക നൽകിയാൽ അത്ര സമ്പന്നമല്ലാത്ത പല രാജ്യങ്ങളിലും വ്യാജ പരസ്യങ്ങൾ ഫെയ്സ്ബുക്കിൽ ബൂസ്റ്റു ചെയ്യാം. പോസ്റ്റ് ചെയ്യുന്ന ലിങ്കുകൾ വഴി നിരവധിപ്പേരുടെ മൊബൈൽ ഫോണുകളിലേക്കു നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. ലിങ്കിൽ ക്ലിക്കു ചെയ്യുന്നതോടെ ആളുകളെ ട്രാക്ക് ചെയ്യാവുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. വെരിഫൈഡ് പേജുകൾ ഇത്തരത്തിൽ തട്ടിയെടുത്ത് ഉയർന്ന വിലയ്ക്കു വിൽക്കുന്ന സംഘവും രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.

article-image

456e46

You might also like

  • Straight Forward

Most Viewed