8 നഗരങ്ങളിലെ വൻ കെട്ടിടങ്ങളുടെ നിർമ്മാണാനുമതി ഓൺലൈനിലൂടെ മാത്രം

നഗരങ്ങളിലെ ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള വൻ കെട്ടിടങ്ങളുടെ നിർമ്മാണാനുമതിയും ഓൺലൈനിലാക്കുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പാലക്കാട് ഗുരുവായൂർ നഗരസഭകളിൽ ഇന്ന് മുതൽ അപേക്ഷ സ്വീകരിക്കുന്നത് ഐ.ബി.പി.എം.എസ് (Intelligent business process management system) സോഫ്റ്റ്‌വെയറിലൂടെ മാത്രമാകും. ഇവിടങ്ങളിൽ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കേണ്ടെന്നാണ് നഗരകാര്യവകുപ്പിന്റെ നിർദ്ദേശം.
നിലവിൽ 84 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപ്പറേഷനുകളിലും 3000 സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്കുള്ള അപേക്ഷ മാത്രമാണ് ഐ.ബി.പി.എം.എസിലൂടെ സ്വീകരിച്ചിരുന്നത്. ഇതുവരെ വീടുകൾക്ക് മാത്രമായിരുന്നു ഇത് ബാധകം.
ഫ്ളാറ്റ് ഉൾപ്പടെയുള്ള വൻകിട നിർമ്മാണങ്ങൾക്കുള്ള അനുമതി അപേക്ഷ ഉദ്യോഗസ്ഥർ നേരിട്ട് സ്വീകരിക്കുന്നത് അഴിമതിക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറിലൂടെ അപേക്ഷ സമർപ്പിച്ചാൽ പ്ലാനും അനുബന്ധ രേഖകളും കൃത്യമാണെങ്കിലേ പെർമിറ്റ് കിട്ടൂ. അതിനാൽ അഴിമതി പൂർണമായി ഒഴിവാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയമാറ്റങ്ങൾക്ക് അനുസരിച്ച് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ ജീവനക്കാരെയും അംഗീകൃത ലൈസൻസികളെയും പരിശീലിപ്പിക്കണമെന്ന് ആവശ്യമുണ്ട്.
എട്ട് നഗരസഭകളിൽ ചെറുതും വലുതുമായ കെട്ടിടങ്ങളുടെ ക്രമവത്കരണവും (റഗുലറൈസേഷൻ) ഒക്കുപ്പെൻസിയും ഓൺലൈനിലാകും. ഈ അപേക്ഷകളും നേരിട്ട് സ്വീകരിക്കില്ല. ചെറിയ കെട്ടിടങ്ങളുടെ ക്രമവത്കരണവും ഒക്കുപ്പെൻസിയും ഓൺലൈനാക്കാൻ നേരത്തേ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്റെ അപേക്ഷകൾ തീർപ്പാക്കുന്നതിലും അഴിമതി അരോപണങ്ങളുണ്ട്.
tuftu