മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകള്‍; കായിക പ്രേമികളുടെ ആശങ്ക നീങ്ങുന്നു


കൊടുവള്ളി നഗരസഭയിലെ പുള്ളാവൂര്‍ കുറുങ്ങാട്ടുകടവില്‍ ചെറുപുഴയിലെ തുരുത്തില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകള്‍ മാറ്റേണ്ടിവരുമെന്ന കാര്യത്തിലുള്ള കായിക പ്രേമികളുടെ ആശങ്ക നീങ്ങുന്നു.

പുഴയും ഇരുകരകളിലെ പുറമ്പോക്കും തങ്ങളുടെ ആസ്തിയാണെന്നും കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കി കൊടുവള്ളി നഗരസഭാ അധികൃതര്‍ രംഗത്തെത്തിയത് വലിയ ആശ്വാസമാണ് കായിക പ്രേമികളില്‍ ഉണ്ടാക്കിയത്. ഇതോടെ മെസിക്കും നെയ്മറിനും പുഴയില്‍ തുടരാനുള്ള സാഹചര്യമാണ് തെളിയുന്നത്.

രണ്ടു തദ്ദേശ സ്ഥാപനങ്ങുടെയും അധികാര പരിധിയില്‍ അല്ലാത്തതും എന്‍ഐടി കുടിവെള്ള പദ്ധതിക്കായി വിട്ടുകിട്ടിയ ഭാഗത്തുസ്ഥാപിച്ചതുമായ കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് അഡ്വ.പി.ടി.എ റഹിം എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി വി.അബ്ദുറഹിമാനും കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയായിരുന്നു കട്ടൗട്ടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്.

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്ളക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.

പുള്ളാവൂര്‍ പുഴയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കട്ടൗട്ട് ഉയര്‍ന്നിട്ടുണ്ട്. 50 അടി ഉയരത്തിലുള്ള കട്ടൗട്ടാണ് പുഴയില്‍ സ്ഥാപിച്ചത്. കളിക്കാരുടെ കട്ടൗട്ടുകള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് പുഴയുടെ തീരത്തെത്തുന്നത്.

article-image

You might also like

Most Viewed