വിദേശ പങ്കാളിത്തമുള്ള ബഹ്റൈൻ കമ്പനികൾക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കാൻ നീക്കം; പുതിയ നിയമഭേദഗതി ചർച്ചയിലേക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ വാണിജ്യ കമ്പനി നിയമത്തിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്താൻ പാർലിമെന്റംഗങ്ങൾ ഒരുങ്ങുന്നു. വിദേശ പങ്കാളികളുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് (WLL) ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കുന്നതാണ് പുതിയ നിർദ്ദേശം. രാജ്യത്തെ ബിസിനസ് മേഖലയെ കൂടുതൽ സുതാര്യമാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നിയമത്തിലെ 264-ാം വകുപ്പിൽ ഭേദഗതി വരുത്താൻ ഇവർ നിർദേശിക്കുന്നത്.
വിദേശ പങ്കാളികളുള്ള കമ്പനികൾക്ക് 30,000 ദീനാറിന്റെ സ്ഥിരമായ ബാങ്ക് ഗ്യാരന്റി വേണമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിർദേശം. എന്നാൽ സാമ്പത്തിക കാര്യ സമിതിയുടെ ഇടപെടലിനെത്തുടർന്ന് ഇതിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. പുതിയ നിർദ്ദേശപ്രകാരം ബാങ്ക് ഗ്യാരന്റി കമ്പനിയുടെ ആജീവനാന്ത കാലയളവിലേക്ക് ആവശ്യമില്ല. പകരം പ്രവർത്തനം തുടങ്ങി ആദ്യ രണ്ട് വർഷത്തേക്ക് മാത്രം ഗ്യാരന്റി നൽകിയാൽ മതിയാകും. അതുപോലെ 30,000 ദീനാർ എന്ന നിശ്ചിത തുകയ്ക്ക് പകരം കമ്പനിയുടെ മൂലധനം, ബിസിനസ്സ് രീതി എന്നിവ പരിഗണിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഗ്യാരന്റി തുക നിശ്ചയിക്കണമെന്ന നിർദേശമാണ് എംപിമാർ നൽകുന്നത്. ഈ നടപടിക്രമങ്ങളുടെ പൂർണ്ണ മേൽനോട്ടം വ്യവസായ വാണിജ്യ മന്ത്രിയിലായിരിക്കും നിക്ഷിപ്തമായിരിക്കുന്നത്.
യഥാർത്ഥ നിക്ഷേപകരെ മാത്രം ആകർഷിക്കുക എന്നതാണ് ഈ നിയമഭേദഗതി നിർദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂം പറഞ്ഞു. ചെറിയ മൂലധനത്തിൽ കമ്പനികൾ ആരംഭിച്ച് സ്വദേശി ചെറുകിട സംരംഭങ്ങളോട് മത്സരിക്കുകയും എന്നാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ ഗുണം നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത തടയാൻ ഈ നീക്കം സഹായിക്കും. വിദേശ നിക്ഷേപകർക്ക് മുന്നിൽ വാതിലുകൾ അടയ്ക്കുകയല്ല, മറിച്ച് ബഹ്‌റൈനിലേക്ക് എത്തുന്ന നിക്ഷേപം സുസ്ഥിരമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു 'ഫിൽട്ടർ' എന്ന നിലയിലായിരിക്കും ഈ ഗ്യാരന്റി സംവിധാനം പ്രവർത്തിക്കുക.
അതേസമയം, ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കുന്നത് വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തിന്റെ അന്താരാഷ്ട്ര മത്സരക്ഷമത കുറയ്ക്കുമെന്നും നിക്ഷേപകർ മറ്റ് കമ്പനി മാതൃകകളിലേക്ക് മാറാൻ ഇത് കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ബിസിനസ് മെൻ അസോസിയേഷനും ഫോറിൻ ഇൻവെസ്റ്റേഴ്സ് അസോസിയേഷനും ഈ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് ഇതെന്നും ചെറുകിട-ഇടത്തരം സംരംഭങ്ങളെ (SMEs) ഇത് ദോഷകരമായി ബാധിക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ വരുന്ന ഗൗരവക്കാരായ നിക്ഷേപകരെ ഈ താൽക്കാലിക ഗ്യാരന്റി ബാധിക്കില്ലെന്ന നിലപാടിലാണ് പാർിലെമെന്റംഗങ്ങൾ.
esffs


