ബഹ്‌റൈനിൽ തൊഴിൽ അന്വേഷകരിൽ 70 ശതമാനവും സ്ത്രീകൾ; സ്വകാര്യ മേഖലയിൽ സ്വദേശി നിയമനം ശക്തം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2025-ൽ രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത 15,433 തൊഴിൽ അന്വേഷകരിൽ 70 ശതമാനവും സ്ത്രീകളാണെന്ന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസിഫ് ഖലാഫ് വെളിപ്പെടുത്തി. കണക്കുകൾ പ്രകാരം 10,950 സ്ത്രീകളും 4,483 പുരുഷന്മാരുമാണ് നിലവിൽ തൊഴിൽ തേടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ പുതുതായി 9,149 സ്വദേശികൾക്ക് ജോലി ലഭിച്ചതായാണ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലമായി തൊഴിൽരഹിതരായിരുന്നവർക്കും കഴിഞ്ഞ വർഷം മികച്ച അവസരങ്ങൾ ലഭിച്ചു. ആറ് മാസത്തിലേറെയായി ജോലിയില്ലാതിരുന്ന 7,166 പേർക്കും, രണ്ട് മുതൽ ആറ് മാസം വരെ തൊഴിലില്ലാതിരുന്ന 4,239 പേർക്കും വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി മാത്രം 33,400 തൊഴിൽ അവസരങ്ങളാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചത്. നിലവിൽ ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരം (1,05,000) കവിഞ്ഞതായും മന്ത്രി അറിയിച്ചു.

സ്വദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയം കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. കമ്പനികൾ അടച്ചുപൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ലേബർ ലോയിലെ ആർട്ടിക്കിൾ 110 അനുസരിച്ചുള്ള സംരക്ഷണം സ്വദേശികൾക്ക് ലഭിക്കും. ഒരേ യോഗ്യതയുള്ള വിദേശി സ്ഥാപനത്തിൽ നിലവിലുള്ളപ്പോൾ സ്വദേശി തൊഴിലാളിയെ പിരിച്ചുവിടാൻ നിയമം അനുവദിക്കുന്നില്ല. സ്വദേശി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ട്.

തംകീൻ (Tamkeen) വഴിയുള്ള ശമ്പള ആനുകൂല്യങ്ങൾ അവസാനിക്കുന്ന ഘട്ടത്തിൽ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ കാണിക്കുന്ന കമ്പനികളെ നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed