തടഞ്ഞുവെച്ച ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഗിനി സൈന്യം; വീണ്ടും സഹായാഭ്യർ‍ത്ഥന വീഡിയോയുമായി വിസ്മയയുടെ സഹോദരൻ ഉൾപ്പെടെയുള്ള ജീവനക്കാർ‍


സമുദ്രാതിർ‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയൽ‍ ഗിനിയിൽ‍ തടവിലാക്കപ്പെട്ട കപ്പൽ‍ ജീവനക്കാർ‍ ദുരിതത്തിൽ‍. ഹീറോയിക് ഇഡ്യൂൾ‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും ഏത് നിമിഷവും നൈജീരിയൻ നാവിക സേനക്ക് കൈമാറുമെന്നാണ് കപ്പൽ‍ ജീവനക്കാർ‍ പറയുന്നത്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും അഭ്യർ‍ഥിച്ചുള്ള വീഡിയോ കപ്പലിലെ ജീവനക്കാർ‍ വീണ്ടും പുറത്ത് വിട്ടു.

ഇവരുടെ മോചനത്തിന് ഇടപെടൽ‍ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മത്രാലയത്തിന് സിപിഐഎം എംപിമാർ‍ കത്ത് നൽ‍കിയിരുന്നു. എംപിമാരായ വി ശിവദാസൻ, എ.എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്‌നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തിരുന്നു. ബന്ധികൾ‍ ആക്കപ്പെട്ട 16 ഇന്ത്യക്കാരിൽ‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്. കുടുങ്ങിയവരിൽ‍ മൂന്ന് പേർ‍ മലയാളികളാണ്. ഇതിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃഗൃഹത്തിൽ മരണപ്പെട്ട വിസ്മയയുടെ സഹോദരൻ വിജിത്തും ഉൾപ്പെടുന്നു. രണ്ട് മാസമായി കപ്പൽ‍ ഉൾ‍ക്കടലിൽ‍ തടഞ്ഞിട്ടിരിക്കുകയാണ്.

എംബസി വഴി ഇടപെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ‍ ജീവനക്കാരുടെ മോചനത്തിനായുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയൻ നാവികസേന അറസ്റ്റ് ചെയ്താൽ‍ വലിയ അപകടത്തിലേക്ക് പോകുമെന്നാണ് കപ്പൽ‍ ജീവനക്കാരുടെ ആശങ്ക. ഇന്ധനം നിറയ്ക്കാൻ പോയപ്പോൾ‍ നൈജീരിയൻ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ചത് തീരത്ത് നിന്ന് മാറ്റിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് കപ്പലിലെ ജീവനക്കാരനായ മലയാളിയായ വിജിത്ത് പ്രതികരിച്ചിരുന്നു.

ആഗസ്റ്റ് മൂന്നിന് സൗത്ത് ആഫ്രിക്കയിൽ‍ നിന്ന് നൈജീരിയയിലെ എകെപിഒ ടെർ‍മിനലിലേക്ക് ക്രൂഡ് ഓയിൽ‍ ലോഡ് ചെയ്യാനാണ് എത്തിയത്. രാത്രിയിൽ‍ നൈജീരിയയുടെ നേവിയുടെ പട്രോൾ‍ ബോട്ട് എത്തിയപ്പോൾ‍ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ച് കപ്പൽ‍ എടുത്തുപോയി. അതോറിറ്റിയുടെ നിർ‍ദേശ പ്രകാരമാണ് കപ്പൽ‍ അവിടുന്ന് മാറ്റിയതെന്നും വിജിത്ത് പറഞ്ഞു.

സമുദ്രാതിർ‍ത്തി ലംഘിച്ചുവെന്നാണ് പറഞ്ഞ് കപ്പലിന് രണ്ട് മില്യണ്‍ ഡോളർ‍ പിഴ ചുമത്തിയിരുന്നു. കമ്പനി ആ പിഴ അടക്കുകയും ചെയ്തുവെന്ന് വിജിത്ത് പറഞ്ഞു. 16 ഇന്ത്യക്കാരാണ് കപ്പലിലുളളത്. ഇപ്പോൾ‍ കപ്പൽ‍ എക്വിറ്റോറിയൽ‍ ഗിനിയൻ തീരത്തു നിന്ന് നൈജീരിയയിലേക്ക് മാറ്റാനാണ് ശ്രമം. അന്വേഷണം നടത്തുന്നതിനായാണ് നൈജീരിയയിലേക്ക് മാറ്റുന്നതെന്നാണ് നേവി നൽ‍കിയ വിശദീകരണം. മോചനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും വിജിത്ത് ആവശ്യപ്പെട്ടു.

article-image

ബികുക

You might also like

  • Lulu Exchange
  • Straight Forward

Most Viewed