ജാമ്യം റദ്ദാക്കണമെന്ന് ഹർജി; ദിലീപിന് ഹൈക്കോടതി നോട്ടിസ്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടിസ് അയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
നടിയെ ആക്രമിച്ച കേസിൽ 84 ദിവസത്തെ ജയിൽ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയത്.