40 മിനിറ്റിൽ ചെങ്ങന്നൂരിൽ നിന്ന് പമ്പയിലെത്താം; ശബരിമല തീർത്ഥാടകർക്കായി റെയിൽ പാത


ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 40 മിനിറ്റ് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ – പമ്പ റെയിൽ പാത വരുന്നു. നിർദിഷ്ട പാതയ്ക്ക് ഇന്ത്യൻ റെയിൽവേ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പൂർണമായും ആകാശപാതയായാണ് ചെങ്ങന്നൂർ – പമ്പ റെയിൽ പാത വരുന്നത്. ചെങ്ങന്നൂർ മുതൽ പമ്പ വരെ 76 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർ – പമ്പ റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം 40-45 മിനിട്ട് കൊണ്ട് എത്താൻ കഴിയും.

തൂണുകൾ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാർത്ഥ്യമാക്കി മാറ്റുമെന്നും റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിക്കുന്നു. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂർ – പമ്പ റെയിൽ പാത നടപ്പാക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകൾ ഉപയോഗപ്പെടുത്തിയാണ് പാത യാഥാർത്ഥ്യമാക്കുന്നത്.

തൂണുകൾ മതിയായ ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ റെയിൽ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല.ആദ്യം പദ്ധതി ശുപാർശ ചെയ്തിരുന്നത് മോണോ റെയിലായി ആയിരുന്നു. എന്നാൽ ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോൾ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. ഏകദേശം 12000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അതായത് കിലോമീറ്ററിന് 118 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്.

സതേൺ റെയിൽവേയുടെ ഔദ്യോഗിക പ്രതിനിധി സംഘം ഇ. ശ്രീധരനുമായി നിർദിഷ്ട സർവേയുടെ രീതികളെക്കുറിച്ച് കൂടിയാലോചന നടത്തിയിട്ടുണ്ട്. സ്ഥലപരിമിതിയും ഭൂനിരപ്പിൽ റെയിൽ ശൃംഖല വികസിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് ആകാശപാത തെരഞ്ഞെടുക്കാൻ കാരണമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പമ്പയുടെ തീരത്തുകൂടി പോകുന്ന ഈ എലിവേറ്റഡ് കോറിഡോർ തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed