മഴക്കെടുതി: കേരളത്തിൽ മരണം എട്ടായി


സംസ്ഥാനത്ത് മഴക്കെടുതിയിൽ‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ‍ ഉരുൾ‍പൊട്ടലും കടൽ‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കിൽ‍പ്പെട്ട് കാണാതായവർ‍ക്കായുള്ള തെരച്ചിൽ‍ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കിൽ‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കൽ‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.

കുട്ടമ്പുഴയിൽ‍ ഇന്നലെ വനത്തിനുള്ളിൽ‍ കാണാതായ ആളെ മരിച്ച നിലയിൽ‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളൻ‍ തണ്ണിയിൽ‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. മഴയിൽ‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയിൽ‍ വീണാണ് പൗലോസ് മരിച്ചത്. ഇന്നലെ ഫോറസ്റ്റും നാട്ടുകാരും തെരച്ചിൽ‍ നടത്തിയെങ്കിലും പൗലോസിനെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയായതിനാൽ‍ രാത്രിയിൽ‍ അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ‍ തെരച്ചിൽ‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് പുലർ‍ച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയിൽ‍ കണ്ടെത്തിയത്.

കണ്ണൂർ‍ പേരാവൂർ‍ നെടുംപുറംചാലിൽ‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കിൽ‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. പേരാവൂർ‍ മേലെവെള്ളറ കോളനിയിൽ‍ വീട് തകർ‍ന്ന് കാണാതായ ആൾ‍ക്കായി തെരച്ചിൽ‍ ഊർ‍ജിതമായി നടക്കുകയാണ്.

ഉരുൾ‍പൊട്ടലിൽ‍ കണ്ണൂർ‍ പേരാവൂരിൽ‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരിൽ‍ വിവിധ പ്രദേശങ്ങളിൽ‍ ഉരുൾ‍പൊട്ടലുണ്ടായി. പേരാവൂർ‍ നെടുംപോയിൽ‍ വനത്തിനുള്ളിൽ‍ ഉരുൾ‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉൾ‍പ്പെടെ അപകടങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലിൽ‍ നിരവധി വീടുകൾ‍ തകർ‍ന്നതായും റിപ്പോർ‍ട്ടുണ്ട്.

You might also like

Most Viewed