ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്; 5.6 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം


ബിജെപി ഭരിക്കുന്ന കാസര്‍ഗോട്ടെ സഹകരണ ബാങ്കിനെതിരെയും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പുത്തിഗൈ മുഗു സഹകരണ ബാങ്കിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 35 വര്‍ഷമായി ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്.

ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വായ്പയായി ലഭിച്ച തുകയേക്കാള്‍ ഇരുപതിരട്ടിയോളം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് പലരും.മുഗു സ്വദേശിയായ അഷ്‌റഫിന്റെ പിതാവ് 2006ല്‍ വീടിന്റെ ആധാരം പണയം വെച്ച് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു.

2014ല്‍ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടക്കാനെത്തിയ അഷ്‌റഫിനോട് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത് 24 ലക്ഷം രൂപയായിരുന്നു. അവസാനം 13 ലക്ഷം രൂപ അടച്ചാല്‍ ആധാരം തിരികെ തരാമെന്ന വ്യവസ്ഥയില്‍ അഷ്‌റഫ് പണമടച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആറ് ലക്ഷം രൂപ കൂടി തന്നാലേ ആധാരം തിരികെ തരൂ എന്ന നിലപാടിലാണ് ബാങ്കെന്ന് അഷ്‌റഫ് പറയുന്നു.മുഗു സ്വദേശി സന്തോഷ് കുമാര്‍ ഭാര്യയുടെ പേരില്‍ എട്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഭാര്യയുടെ പേരില്‍ 22 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. സഹകരണ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ചട്ടങ്ങള്‍ പാലിച്ചാണ് വായ്പ നല്‍കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുത്. തട്ടിപ്പ് നടന്നിട്ടില്ലെന്നും വിശദീകരിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed