കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി


രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്ന് പരാതി. പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോയത്. ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികൾ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും സ്കൂളിൽ എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടർന്ന് രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തി. സമര പരിപാടി കഴിഞ്ഞ് മടങ്ങിവരവെ എസ്എഫ്ഐ പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അടുത്തുള്ള കോളജിലെ ചേട്ടന്മാർ തങ്ങളെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും രക്ഷിതാക്കളും പരാതി നൽകിയിരിക്കുകയാണ്. ഇടത് അനുഭാവമുള്ള ചില അധ്യാപകരുടെ പിന്തുണയോടെയാണ് കുട്ടികളെ എസ്എഫ്ഐ കൊണ്ടുപോയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സ്കൂളിൽ ഇന്ന് അടിയന്തിര പിടിഎ യോഗം നടക്കും.

You might also like

Most Viewed