കുടുംബത്തെ രക്ഷിക്കാൻ കടലിൽ നീന്തിയത് നാല് മണിക്കൂർ; ഓസ്‌ട്രേലിയയുടെ 'സൂപ്പർമാനായി' 13-കാരൻ ഓസ്റ്റിൻ


ഷീബ വിജയൻ
സിഡ്‌നി: മരണത്തെ മുഖാമുഖം കണ്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ നാല് മണിക്കൂറോളം കടലിൽ നീന്തി 13-കാരൻ. ഓസ്‌ട്രേലിയയിലെ പെർത്ത് സ്വദേശിയായ ഓസ്റ്റിൻ ആപ്പൽബീ എന്ന കൗമാരക്കാരനാണ് തന്റെ അസാമാന്യ ധൈര്യത്തിലൂടെ ഒരു നാടിന്റെയാകെ ഹീറോയായി മാറിയത്. വെള്ളിയാഴ്ച ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിന് സമീപമായിരുന്നു സംഭവം.

അവധി ആഘോഷിക്കാനായി അമ്മ ജൊവാന്നയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം പെഡൽ ബോട്ടിൽ കടലിൽ പോയതായിരുന്നു ഓസ്റ്റിൻ. തീരത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ അകലെ വെച്ച് ബോട്ട് അപകടത്തിൽപ്പെട്ടു. സഹായത്തിനായി ആരും എത്താത്ത സാഹചര്യത്തിൽ, കുടുംബത്തെ രക്ഷിക്കാൻ തീരം ലക്ഷ്യമാക്കി നീന്തുക എന്ന സാഹസികമായ തീരുമാനമാണ് ഓസ്റ്റിൻ എടുത്തത്. സ്രാവുകൾ നിറഞ്ഞതും ശക്തമായ തിരമാലകളുള്ളതുമായ കടലിലൂടെ നാല് മണിക്കൂറോളം ഓസ്റ്റിൻ നീന്തി. ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചെങ്കിലും നീന്തുന്നതിന് തടസ്സമായതോടെ അവസാന രണ്ട് മണിക്കൂർ അത് ഉപേക്ഷിച്ചു.

വൈകുന്നേരം ആറ് മണിയോടെ തീരത്തെത്തിയ ഓസ്റ്റിൻ ക്ഷീണം കൊണ്ട് കുഴഞ്ഞുവീണെങ്കിലും ഉടൻ എഴുന്നേറ്റ് രണ്ട് കിലോമീറ്റർ കൂടി ഓടി ജനവാസ മേഖലയിലെത്തി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലും ബോട്ടിലുമായി നടത്തിയ തിരച്ചിലിൽ രാത്രി 8.30-ഓടെ അമ്മയെയും മറ്റ് രണ്ട് കുട്ടികളെയും സുരക്ഷിതമായി കണ്ടെത്തി.

"ഞാനൊരു ഹീറോയാണെന്ന് എനിക്ക് തോന്നുന്നില്ല, ആ സമയത്ത് എനിക്ക് തോന്നിയ കാര്യം ഞാൻ ചെയ്തു" എന്നായിരുന്നു ഓസ്റ്റിന്റെ വിനയപൂർവ്വമുള്ള പ്രതികരണം. പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് തന്റെ ഭയത്തെ അതിജീവിച്ചാണ് മുന്നോട്ട് നീങ്ങിയതെന്നും അവൻ പറഞ്ഞു. ഓസ്റ്റിന്റെ അവിശ്വസനീയമായ ഇച്ഛാശക്തിയെയും ധൈര്യത്തെയും ഓസ്‌ട്രേലിയൻ രക്ഷാസേനയും മാധ്യമങ്ങളും അഭിനന്ദിച്ചു. മകനെ ഓർത്ത് അഭിമാനമുണ്ടെന്ന് അമ്മ ജൊവാന്ന പ്രതികരിച്ചു.

article-image

dsffgfdfd

You might also like

Most Viewed