മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; കെ എസ് ശബരീനാഥന് ജാമ്യം


മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രധാന കവാടം ഒഴിവാക്കി പിന്‍വാതില്‍ വഴിയായിരുന്നു ശബരിനാഥനെ വഞ്ചിയൂര്‍ കോടതി മുറിയില്‍ എത്തിച്ചത്. കോടതി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയായിരുന്നു പൊലീസ് ശബരിനാഥനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് ശബരിനാഥന് പിന്തുണയുമായി എത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോടതിക്ക് പുറത്ത് തമ്പടിച്ചിരുന്നു.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശബരിനാഥനെ നാലാം പ്രതിയായിരുന്നു ശബരീനാഥന്‍. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചതോടെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നേരത്തെ തെളിഞ്ഞതാണെന്ന് ശബരിനാഥന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, നിര്‍ദ്ദേശം നല്‍കിയെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിനാഥനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഐപിസിയുടെ 307, 332, 120ബി, 34 സി വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് റൂള്‍ 1934ലെ 11 എ 22/2022 എന്നിവയും ശബരിക്കെതിരെ ചുമത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed