കെ.കെ രമയെക്കുറിച്ചുള്ള പരാമർ‍ശത്തിൽ ഖേദമില്ല; എം.എം മണി


കെകെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി. രമയ്‌ക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

തന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ താൻ എന്ത് വേണമെന്നായിരുന്നു വാ‍ർ‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. കെകെ രമ കഴിഞ്ഞ ഒരു വർ‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവർ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവർ‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.

ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാർ‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല . എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വർഷം നാൽ മാസമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്നു ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവ‍ർ‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം തുടരുകയാണ്. എം എം മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ആവർ‍ത്തിച്ചു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed