ദേശീയപാത കുഴികളാണെങ്കിൽ റിയാസിന്‍റെ സംസ്ഥാനപാത മുഴുവൻ കുളങ്ങളാണെന്നാണ് കെ. സുരേന്ദ്രൻ

ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയപാത കുഴികളാണെങ്കിൽ റിയാസിന്‍റെ സംസ്ഥാനപാത മുഴുവൻ കുളങ്ങളാണെന്നാണ് സുരേന്ദ്രന്‍റെ മറുപടി. ഒരു മന്ത്രി നിയമസഭയിൽ പറയേണ്ട കാര്യങ്ങളല്ല റിയാസ് പറഞ്ഞത്. നമ്മുടെ പൊതുമരാമത്തിന്‍റെ ഗുണം അറിയണമെങ്കിൽ പാലാരിവട്ടം പാലത്തിന്‍റെ അവസ്ഥ എടുത്താൽ മതി. കുളിമാടിൽ ആറു മാസം പ്രായമായ പാലം നിന്നനിൽപ്പിലല്ലെ താഴെ വീണതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
മോദി സർക്കാർ വന്നശേഷം ദേശീയപാത വികസനത്തിൽ വൻപുരോഗതിയുണ്ടായെന്നും സുരേന്ദ്രൻ പുകഴ്ത്തി. നേരത്തേ നിയമസഭയിലാണ് മന്ത്രി റിയാസ് കേന്ദ്രമന്ത്രിമാരെ പരിഹസിച്ചത്. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്രമന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്നാണ് റിയാസ് പറഞ്ഞത്. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയപാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.