നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയതായി പരിശോധനാഫലം

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. മൂന്നു തവണ ഹാഷ് വാല്യൂ മാറിയെന്നാണ് പരിശോധനാ ഫലം. മുദ്രവച്ച കവറിൽ പരിശോധനാഫലം കോടതിക്ക് കൈമാറി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് ആരോ പരിശോധിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍റെ സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ദൃശ്യങ്ങൾ മൂന്നു തവണ പരിശോധിച്ചിട്ടുണ്ടെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.
ഹാഷ് വാല്യൂ മാറിയ തീയതി അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. തീയതി പരിശോധിക്കുന്പോൾ രണ്ട് തവണ കോടതി നടപടികളുടെ ഭാഗമായാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരുന്ന സമയത്ത് ഏതു സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. എന്നാൽ മെമ്മറി കാർഡിന്‍റെ പരിശോധനാഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.