പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് അക്രമം; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു


പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലുടമ ബി എൽ നിവാസിൽ ഡിജോയ്ക്കാണ് പരുക്കേറ്റത്. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ സംഘം ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും മടങ്ങിയെത്തി. പൊറോട്ടക്ക് 12 രൂപ വാങ്ങിയെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞ് ഉടമയെ അക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. തിരിച്ചെത്തിയ അക്രമി സംഘം ഡിജോയിയോട് കടയുടെ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പിന്നീട് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസിനെ വിളിക്കാൻ ഡിജോയ് ശ്രമിച്ചെങ്കിലും അക്രമികൾ ഫോൺ തട്ടിപ്പറിച്ച് വാങ്ങി. 

ഇതിനിടെ ഒരാൾ കടയുടെ മുന്നിലിരുന്ന പാൽകൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികൾ വന്ന കാറിന്റെ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമികൾ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരായിരിക്കാമെന്ന സംശയം പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed