നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റേതാണ് ഉത്തരവ്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അഭിഭാഷകരുടെ നിർദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. ദിലീപിന്‍റെ മൊബൈൽ ഫോണിലെ തെളിവുകൾ സൈബർ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.