വടകരയിൽ കല്ലേരിയിൽ യുവാവിനെ മർദിച്ച ശേഷം കാർ കത്തിച്ചു

വടകരയ്ക്ക് സമീപം കല്ലേരിയിൽ യുവാവിനെ മർദിച്ച ശേഷം കാർ കത്തിച്ചു. കൂടത്തിൽ ബിജു എന്നയാൾക്കാണ് നാലംഗ സംഘത്തിന്‍റെ മർദനമേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന. ബിജു ആശുപത്രിയിൽ ചികിത്സ തേടി. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് ബിജു.
ബിജുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയശേഷം കുറച്ചു ദൂരെയുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിച്ച് അവശനാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കാറിന് തീയിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.