ചികിത്സാ ചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമായില്ല; മെഡിസെപ് പ്രതിസന്ധിയിൽ


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ. ചികിത്സാ ചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമാകാത്തതാണ് പ്രശ്‌നകാരണം.

ജൂലായ് ഒന്നിന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനമെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഇരുപതോളം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വിട്ടുനിൽക്കുകയാണ്.

മെഡിസെപ്പ് പദ്ധതിയിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി 30 ലക്ഷം ഗുണഭോക്താക്കൾക്കായി മൂന്ന് ലക്ഷം രൂപയുടെ ചികിത്സാസഹായമാണ് നൽകുന്നത്. പദ്ധതിയിൽ ലിസ്റ്റ് ചെയ്ത ആശുപത്രികൾ 162 എണ്ണമുണ്ടെങ്കിലും സമ്മതം നൽകിയത് ആകെ 118 എണ്ണം മാത്രമാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഇരുപതോളം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ അടക്കം 44 ആശുപത്രികൾ വിട്ടുനിൽക്കുകയാണ്.

സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇതിലുണ്ട്. ചില രോഗങ്ങളുടെ ചികിത്സാ നിരക്ക് വർദ്ധിപ്പിക്കണമെന്നും അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകുമെന്നുമാണ് ആശുപത്രികളുടെ വാദം. വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഇൻഷ്വറൻസ് കമ്പനി.

അതേസമയം ആശുപത്രികളുടെ പട്ടികയ്ക്ക് അന്തിമരൂപമാകാത്തതിനാൽ ജൂലൈയിൽ പദ്ധതി തുടങ്ങാനാവാത്ത സ്ഥിതിയാണ്. നിലവിൽ ആശുപത്രികളുടെ നിലപാട് മയപ്പെടുത്താനാണ് സർക്കാർ ശ്രമം. വഴങ്ങിയില്ലെങ്കിൽ ആശുപത്രികളുടെ അധിക സാമ്പത്തിക ഭാരം സർക്കാർ വഹിക്കേണ്ടി വന്നേക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

You might also like

Most Viewed