'ആദ്യ പരിഗണന ശമ്പളത്തിന്, വായ്പ തിരിച്ചടവ് പിന്നീട്'; കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി


കെഎസ്ആര്‍ടിസിയില്‍ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്റെ ആദ്യ പരിഗണന ശമ്പള വിതരണത്തിന് ആയിരിക്കണമെന്നും വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭരണം നടത്തുന്നവര്‍ അക്കാര്യം ഉറപ്പ് വരുത്തിയേ തീരൂവെന്നും 3,500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പരാമര്‍ശിച്ചു. കെഎസ്ആര്‍ടിസിയില്‍ ഉന്നത തല ഓഡിറ്റ് വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എട്ടു കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പോകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി വായ്പാ കുടിശ്ശികയായി 12,100 കോടി രൂപയാണ് നല്‍കാനുള്ളത്. 5,255 ബസുകളാണ് കെഎസ്ആര്‍ടിസിയുടേതായി ഓടുന്നത്. 300 ബസുകള്‍ ഉപയോഗ ശൂന്യമായി. കെഎസ്ആര്‍ടിസിക്ക് 417.2 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

അടുത്ത മാസം അഞ്ചിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ജൂണ്‍ 21 കഴിഞ്ഞിട്ടും മെയ് മാസത്തെ ശമ്പള വിതരണം കെഎസ്ആര്‍ടിസിയില്‍ പൂര്‍ത്തിയായിട്ടില്ല.

You might also like

  • Straight Forward

Most Viewed