‘കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം’; കരിങ്കൊടി കണ്ടാല്‍ ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍


പാലക്കാട് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയത്. പൊതുപരിപാടികളില്‍ കനത്ത സുരക്ഷയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തി.

രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ 750 പൊലീസുകാരുമായി എത്തി വിരട്ടേണ്ട, പിപ്പിടി വിദ്യ കാണിക്കേണ്ട എന്ന് പറയാതിരിക്കാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്നായിരുന്നു ഷാഫിയുടെ പരിഹാസം. കരിങ്കൊടി വീശമ്പോഴേക്ക് ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ വാക്കുകള്‍:

പ്രതിഷേധത്തിനുള്ള അവസരം പോലും നിഷേധിക്കുന്ന തരത്തിലുള്ള ജനാധിപത്യ വിരുദ്ധത ശീലമാക്കിക്കൊണ്ട് നടക്കുകയാണ്. കുറത്ത മാസ്‌ക് അണിയാന്‍ പാടില്ല. കറുത്ത ഡ്രസ് അണിയാന്‍ പാടില്ല. കരിങ്കൊടി കാണിക്കാന്‍ പാടില്ല എന്നാണ് തിട്ടൂരം. ഇവിടെ രാജഭരണം ഒന്നുമല്ലല്ലോ, ജനാധിപത്യമല്ലേ. എത്രയോ നാളുകളും വര്‍ഷങ്ങളും പതിറ്റാണ്ടുകളുമായി പ്രതിഷേധങ്ങളുടെ ഭാഗമായി കരിങ്കൊടി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലേ. ഏത് ഭരണാധികാരിക്ക് എതിരായിട്ടാണ് ഇവിടെ കരിങ്കൊടി വീശാത്തതുള്ളത്. ആളുകള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തില്‍ ഉണ്ടല്ലോ. ഒരു കരിങ്കൊടി വീശുമ്പോഴേക്ക് ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ പിണറായി വിജയന്‍. അതിനെ എന്തിനാണ് ഭയപ്പെടുന്നത്? പ്രതിഷേധം എവിടേക്ക് പോകുന്നു എന്നതിനപ്പുറത്തേക്ക്, പ്രതിഷേധത്തിനുള്ള സ്‌പേസ് പോലും ഇവിടുത്തെ ജനാധിപത്യത്തില്‍ അനുവദിച്ചുകൂടായെന്ന ജനാധിപത്യ വിരുദ്ധതെയാണ് ആദ്യം തുറന്ന് കാട്ടേണ്ടത്. ഈ വിഷയത്തെ സംബന്ധിച്ച് എങ്ങനെയാണ് പ്രതിഷേധിക്കാതിരിക്കുന്നത്? സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍, വിജിലന്‍സ് ഡയറക്ടറെ മാറ്റുന്ന തരത്തിലുണ്ടായ ഇടപെടലുകള്‍. പൊലീസ് കാണിക്കുന്ന അമിത ആവേശം.

19 തവണ ഷാജ് കിരണ്‍ ഉള്‍പ്പെടെയുള്ള ആളുകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് വിളിച്ച് നടത്തുന്ന നാടകങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരൂഹമായ മൗനം. ഒന്നുകില്‍, വെപ്രാളം സര്‍ക്കാര്‍ അവസാനിപ്പിക്കണം. അതല്ലെങ്കില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ തയ്യാറാകണം. ഇത് രണ്ടും ഇല്ലാതെ യാഥാര്‍ത്ഥ്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടും നടപടി ആവശ്യപ്പെട്ടും സമരം ചെയ്യുന്നവരെ ഭയപ്പെട്ടും പേടിച്ചും, രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ 750 പൊലീസുകാരേയും കൊണ്ട് നടക്കാനുള്ള അവസ്ഥ പിണറായി വിജയന് ഉണ്ടായിട്ടുണ്ടെങ്കില്‍ ചുരുങ്ങിയ പക്ഷം വിരട്ടണ്ട, പിപ്പിടിവിദ്യ കാണിക്കേണ്ട എന്നെങ്കിലും പറയാതിരിക്കാനുള്ള മാന്യത കാണിക്കണം.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed