ശന്പളം വൈകുന്നു; കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്


കെഎസ്ആർ‍ടിസിയിൽ‍ ശമ്പളം വൈകുന്നതിൽ‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ‍. തിങ്കളാളഴ്ച മുതൽ‍ സിഐടിയു സത്യഗ്രഹവും ഐഎൻ‍ടിയുസി രാപ്പകൽ‍ സമരവും നടത്തും. കെഎസ്ആർ‍ടിസിയിൽ‍ ശമ്പള പരിഷ്‌കരണം രൂക്ഷമായി തുടരുകയാണ്.

എല്ലാ മാസവും 5ാം തീയതിക്ക് മുന്‍പായി ശമ്പളം കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പലതവണ ചർ‍ച്ചകളും നടന്നിരുന്നു. കഴിഞ്ഞദിവസം സിഎംഡി യൂണിയനുകളുടെ യോഗം വിളിച്ചുചേർ‍ത്തിരുന്നു. 15ാം തീയതിക്ക് ശേഷം മാത്രമേ ശമ്പളം നൽ‍കുന്ന കാര്യത്തിൽ‍ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്‌മെന്റ് നിലപാടറിയിച്ചത്. ഇക്കാര്യത്തിൽ‍ എതിർ‍പ്പറിയിച്ചാണ് തൊഴിലാളി സംഘടനകൾ‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം കിട്ടിയില്ലെങ്കിൽ‍ ആറ് മുതൽ‍ സമരമുണ്ടാകുമെന്നാണ് പ്രഖ്യാപനം.

മെയ് മാസം 193 കോടി രൂപയുടെ റെക്കോർ‍ഡ് വരുമാനം ലഭിച്ചിരുന്നു കെഎസ്ആർ‍ടിസിക്ക്. വീണ്ടും 50 കോടി കൂടി സർ‍ക്കാർ‍ അനുവദിച്ചു. എന്നിട്ടും മറ്റ് ബാധ്യതകൾ‍ തീർ‍ത്തിട്ടേ ശമ്പളം കൊടുക്കൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സംഘടനകൾ‍ പറയുന്നു.

തൊഴിലാളികൾ‍ക്കുള്ള ശമ്പളം മാനേജ്‌മെന്റ് നൽ‍കുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. എന്നാൽ‍ സർ‍ക്കാർ‍ പണം തന്നാലേ ശമ്പളം നൽ‍കാനാകൂ എന്നാണ് മാനേജ്‌മെന്റിന്റെ മറുപടി. സിഎംഡി വിളിച്ച യോഗത്തിൽ‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

You might also like

Most Viewed