12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കം ചെയ്തു; ദുരൂഹതയെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള സംഭാഷണം ദിലീപ് തന്റെ ഫോണിൽ നിന്നും തിരിച്ചെടുക്കാനാകാത്ത വിധം നീക്കം ചെയ്തതായി കണ്ടെത്തി. ഇതിൽ കൂടുതൽ ചാറ്റുകളും ദുബായ് നമ്പറുകളിലേക്ക് ഉള്ളതാണ്. ദുബൈയിലെ മലയാളി വ്യവസായികളുടേത് അടക്കമുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തത്. കാവ്യ മാധവൻ, സഹോദരി ഭർത്താവ് സൂരജ്, മലയാളത്തിലെ പ്രമുഖ നടി എന്നിവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തു.
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുമായുള്ള സംഭാഷണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഗാലിഫുമായുള്ള സംഭാഷണമാണ് നശിപ്പിച്ചത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇത്. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്. വീണ്ടെടുക്കാൻ കഴിയാത്തവിധമാണ് ചാറ്റുകൾ മാറ്റിയിരിക്കുന്നത്.
ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹികപ്രവർത്തകന്‍ തൃശ്ശൂർ സ്വദേശി നസീർ, ദേ പൂട്ടിന്റെ ദുബായ് പാർട്ണർ എന്നിവരുമായുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളും നീക്കം ചെയ്തു. ഇതിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം ആരോപിച്ചു. സംഭവത്തിൽ വ്യക്തത വരുത്താന്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.