മോഷ്ടിച്ച മാല കുടുംബത്തോടൊപ്പം വന്ന് തിരിച്ചു നൽകി മോഷ്ടാവ്


മോഷ്ടിച്ച മാല കുടുംബത്തോടൊപ്പം വീട്ടിലെത്തി തിരികെ നൽ‍കി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാർ‍ പുനത്തിൽ‍ മാധവിയുടെ വീട്ടിലാണ് കണിയാപറന്പിൽ‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നൽ‍കിയത്. കുഞ്ഞുങ്ങൾ‍ക്ക് മരുന്ന് വാങ്ങാൻ മറ്റൊരു മാർ‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭർ‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നൽ‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയതോടെ മാധവിക്കും സങ്കടമായി. കുട്ടികൾ‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നൽ‍കി. 

എന്നാൽ‍ പൊലീസിനെ അറിയിക്കാതിരിക്കാൻ‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തിൽ‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

ജനുവരി 29നാണ് മോഷണം നടന്നത്. രണ്ടാർ‍കരയിൽ‍ വീടിനോട് ചേർ‍ന്ന് പലചരക്കു കട നടത്തുകയാണ് മാധവി. ഇവിടെ സാധനം വാങ്ങാനെന്ന പേരിൽ‍ എത്തിയ വിഷ്ണുപ്രസാദ് മാധവിയുടെ കണ്ണിൽ‍ മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ വിഷ്ണുപ്രസാദിന്റെ മൊബൈൽ‍ ഫോൺ താഴെ വീണിരുന്നു. മൊബൈൽ‍ ഫോണിൽ‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ‍ പ്രതി വിഷ്ണു പ്രസാദ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ‍ അപ്പോഴേക്കും ഇയാൾ‍ കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. പിടിക്കപ്പെടും എന്നുറപ്പായതോടെയാണ് വിഷ്ണുപ്രസാദ് മാലയുമായി തിരികെ എത്തിയതെന്നാണ് കരുതുന്നത്. നേരത്തെ പാചക വാതക സിലിണ്ടർ‍ മോഷ്ടിച്ചതിന് വിഷ്ണു പ്രസാദിനെതിരെ കേസുണ്ട്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed