ചർമരോഗ ചികിത്സാ പരസ്യ ബോർഡിൽ ഓസ്കാറടക്കം നേടിയ പ്രമുഖ നടൻ; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

സമൂഹ മാധ്യമങ്ങളിൽ വൈറലാണ് വിഖ്യാത അമേരിക്കൻ നടൻ മോർഗൻ ഫ്രീമാന്റെ ചിത്രം വച്ചുള്ള ചർമരോഗ ചികിത്സാ പരസ്യ ബോർഡ്. കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് മുൻപിൽ ഒരാഴ്ച മുൻപ് ആണ് ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ പ്രശസ്ത അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാന്റെ ഫോട്ടോ പതിച്ച പരസ്യ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ലോകമെങ്ങും അറിയപ്പെടുന്ന ഫ്രീമാന്റെ ചിത്രം അരിന്പാറ, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോർഡിനായി ഉപയോഗിച്ചത് കണ്ട്
ചികിത്സക്കായി ആശുപത്രിൽ എത്തിയ മോർഗനെ തിരിച്ചറിഞ്ഞവരെല്ലാം ഞെട്ടി. ഞെട്ടിയവരെല്ലാം മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു. മോർഗൻ നായകനായ ചർമരോഗ ചികിത്സാ പരസ്യ ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചിത്രങ്ങൾ കണ്ടവരെല്ലാം ബോർഡിലെ ബുക്കിങ് നന്പർ കണ്ട് ആശുപത്രിയിലേക്ക് വിളിക്കാൻ തുടങ്ങി.
ഒടുവിൽ മോർഗനെ തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ ബോർഡ് എടുത്തു മാറ്റി. പിഴവ് മനസിലാക്കി മാപ്പും പറഞ്ഞു. ബോർഡ് ഡിസൈൻ ചെയ്യാൻ നൽകിയതിലെ വീഴ്ചയാണെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.