ബംഗളൂരുവിലെ വ്യാപാരിയുടെ കൈയിൽ നിന്ന് ആറ് കാറുകൾ തട്ടിയെടുത്തു; മോൻസൺ മാവുങ്കലിനെതിരെ പുതിയ കേസ്


സാന്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബംഗളൂരുവിലെ വ്യാപാരിയുടെ കൈയിൽ നിന്ന് ആറ് കാറുകൾ തട്ടിയെടുത്തതിനാണ് പുതിയ കേസ്. 20 കാറുകൾ വിറ്റ ത്യാഗരാജന് ആറ് കാറുകളുടെ വിലയായ 86 ലക്ഷം നൽകിയില്ലെന്നാണ് പരാതി. പണം നൽകാതെ തട്ടിയെടുത്ത കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ഇതിനിടെ മോൻസൻ മാവുങ്കലിൽ‍നിന്ന് പിടിച്ചെടുത്ത ശിൽ‍പങ്ങൾ‍ ശിൽ‍പി സുരേഷിന് നൽ‍കാൻ കോടതി ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒന്പത് ശിൽ‍പങ്ങൾ‍ വിട്ടുനൽ‍കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോൻ‍സൺ മാവുങ്കൽ‍ പ്രദർ‍ശിപ്പിച്ച വിശ്വരൂപം ഉൾ‍പ്പെടെ പല ശിൽ‍പങ്ങളും കോവളം സ്വദേശിയായ ശിൽ‍പി സുരേഷ് നിർ‍മിച്ചതാണ്. ഈ ശിൽ‍പങ്ങൾ‍ തിരിച്ചുനൽ‍കണമെന്നാണ് ഉത്തരവ്. കോടതിയിൽ‍ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശിൽ‍പം സുരേഷിന് തിരിച്ചുനൽ‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശിൽ‍പങ്ങൾ‍ തിങ്കളാഴ്ച നൽ‍കണമെന്നാണ് കോടതി നിർ‍ദേശിച്ചിരിക്കുന്നത്. ശിൽ‍പങ്ങൾ‍ വിട്ടുനൽ‍കണമെന്നാവശ്യപ്പെട്ട് ശിൽ‍പി സുരേഷാണ് കോടതിയിൽ‍ ഹർ‍ജി നൽ‍കിയത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന ശിൽ‍പങ്ങളാണ് ഇവ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed