പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും


പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ പഠനം കൂടുതൽ ശക്തമാക്കും. ഓൺലൈൻ ക്ലാസുകളിലും ഹാജർ രേഖപ്പെടുത്തും. മുതിർന്ന ക്ലാസുകളും ഓൺലൈൻ പഠന രീതിയിലേക്ക് മാറ്റുന്നതിന് സജ്ജമാണ്. സാഹചര്യത്തിനനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളുടെ പാഠഭാഗങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ ജനുവരി 29ന് തന്നെ ആരംഭിക്കും.

പരീക്ഷ എഴുതേണ്ട കുട്ടികളിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർക്കായി സ്കൂളുകളിൽ പ്രത്യേക മുറി സജ്ജമാക്കണം. ഹയർ സെക്കൻഡറി എഴുത്ത് പരീക്ഷയ്ക്ക് ശേഷമാകും പ്രാക്ടിക്കൽ പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു. പാഠഭാഗത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകും. ഫോക്കസ് മേഖലയുടെ പുറത്തുനിന്നും 30 ശതമാനം ചോദ്യം ഉൾപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

You might also like

Most Viewed