നടി ആക്രമിക്കപ്പെട്ട കേസ്; എട്ട് സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി


നടിയെ ആക്രമിച്ച കേസിൽ‍ എട്ട് സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽ‍കി ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ‍ ഹർ‍ജി. ഇതിൽ‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോൺ രേഖകൾ‍ വിചാരണ കോടതി പരിശോധിക്കണമെന്ന ഹർ‍ജിയും ഹൈക്കോടതി അംഗീകരിച്ചു. 

മുൻ പ്രോസിക്യൂട്ടർ‍ രാജി വെച്ച സാഹചര്യത്തിൽ‍ സ്‌പെഷ്യൽ‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളിൽ‍ നിയമിക്കണമെന്നും ഹൈക്കോടതി നിർ‍ദ്ദേശിച്ചു. നേരത്തെ ഹർ‍ജി പരിഗണിച്ചപ്പോൾ‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയർ‍ന്നിരുന്നു. എന്നാലിപ്പോൾ‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയിൽ‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

പ്രോസിക്യൂഷൻ പാളിച്ചകൾ‍ മറികടക്കാൻ‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷൻ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസിൽ‍ 16 സാക്ഷികളുടെ പുനർ‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.

16 പേരുടെ പട്ടികയിൽ‍ ഏഴു പേർ‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ‍ നിന്ന് കൂടുതൽ‍ വിവരങ്ങൾ‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒന്പത് പേരിൽ‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടർ‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനർ‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നൽ‍കിയത്.

You might also like

Most Viewed