ബഹ്‌റൈനിൽ റമദാൻ വ്രതം ഫെബ്രുവരി 18-ന് ആരംഭിക്കാൻ സാധ്യത; ഓഫീസുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം റമദാൻ മാസത്തിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, അതോറിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവൃത്തി സമയം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ആയിരിക്കും.
ബഹ്‌റൈനിൽ ഈ വർഷത്തെ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിശാസ്ത്ര ഗവേഷകൻ അലി അൽ ഹജാരി അറിയിച്ചു. ഫെബ്രുവരി 17-ന് ചന്ദ്രൻ അസ്തമയത്തിന് ശേഷം ദൃശ്യമാകുമെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമായിരിക്കും എന്നതിനാൽ ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18 റമദാൻ ഒന്നായിരിക്കാനാണ് സാധ്യത. ഇത്തവണ 30 നോമ്പുണ്ടാകുമെന്നും മാർച്ച് 20-ന് ഈദ് അൽ ഫിത്ർ ആഘോഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റമദാൻ പ്രമാണിച്ച് സ്വദേശി പൗരന്മാർക്കായി വമ്പിച്ച ആനുകൂല്യങ്ങളാണ് ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സാമുഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കും ഭിന്നശേഷി അലവൻസുകൾക്കും അർഹരായവർക്ക് ഇത്തവണ ഇരട്ടി തുക ലഭിക്കും. റമദാന് മുൻപ് തന്നെ ഈ തുക വിതരണം ചെയ്യാൻ സാമൂഹിക വികസന മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. കൂടാതെ, സ്വദേശികളുടെ സ്വന്തം വീടുകൾക്ക് വൈദ്യുതി ചാർജിൽ ഇളവ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ബഹ്‌റൈനിൽ ശരാശരി 13 മണിക്കൂറാണ് പ്രതിദിന വ്രതസമയം. മാസത്തിലുടനീളം ആകെ 398 മണിക്കൂർ 35 മിനിറ്റ് വിശ്വാസികൾ വ്രതമനുഷ്ഠിക്കേണ്ടി വരും.
റമദാൻ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി കർശനമായ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പകൽസമയത്ത് പൊതുസ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ പുകവലിക്കുന്നതോ ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 100 ദീനാർ പിഴയോ ലഭിക്കാം. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും രാജ്യത്തെ നിയമങ്ങൾ ബഹുമാനിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
aa


