ഇന്ധന കാർഡ് ദുരുപയോഗം ചെയ്ത് പണം തട്ടി; ബഹ്റൈനിൽ പൊതുമേഖലാ ജീവനക്കാരന് 10 വർഷം തടവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന കാർഡുകൾ ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പൊതുമേഖലാ ജീവനക്കാരന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റൈൻ ഫിനാൻഷ്യൽ ക്രൈംസ് ആൻഡ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷനാണ് നിർണ്ണായക വിധി പ്രഖ്യാപിച്ചത്. തട്ടിപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അദ്ദേഹത്തിന്റെ സിവിൽ അവകാശങ്ങൾ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

ഈ തട്ടിപ്പിൽ പങ്കാളികളായ മറ്റ് 11 പ്രതികൾക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ വിവിധ കാലയളവുകളിലായി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി നിർദ്ദേശിച്ചു. തട്ടിയെടുത്ത തുകയ്ക്ക് തുല്യമായ പിഴയും ഒപ്പം നഷ്ടം സംഭവിച്ച തുക തിരിച്ചടയ്ക്കാനും പ്രതികൾ ബാധ്യസ്ഥരാണ്.

സ്ഥാപനത്തിൽ നടന്ന ആനുകാലിക ഓഡിറ്റിംഗിനിടെയാണ് ഇന്ധന വിതരണത്തിലെ ക്രമക്കേടുകൾ പുറത്തുവരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരേ വാഹനങ്ങളിൽ തന്നെ ആവർത്തിച്ച് ഇന്ധനം നിറയ്ക്കുന്നതായി രേഖകളിൽ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. വാഹനങ്ങളുടെ ടാങ്ക് ശേഷിയേക്കാൾ കൂടുതൽ ഇന്ധനം വാങ്ങിയതായും ഓഡിറ്റിൽ കണ്ടെത്തി. ആകെ 212 വാഹനങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതായും ഇതിലൂടെ സർക്കാർ ഖജനാവിന് 7,280.75 ബഹ്‌റൈൻ ദിനാറിന്റെ നഷ്ടം സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

പൊതുമേഖലാ ജീവനക്കാരനും പെട്രോൾ പമ്പ് ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തട്ടിപ്പിന് പിന്നിലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം നിറയ്ക്കാതെ തന്നെ ഫ്യൂവൽ കാർഡുകൾ ഉപയോഗിച്ച് വ്യാജ ഇടപാടുകൾ നടത്തുകയായിരുന്നു ഇവരുടെ രീതി. ഇന്ധനം നൽകാതെ തന്നെ കാർഡുകളിൽ നിന്ന് തുക ഈടാക്കുകയും ആ പണം പ്രതികൾ പരസ്പരം വീതം വെക്കുകയും ചെയ്തതായി പെട്രോൾ പമ്പ് ജീവനക്കാർ മൊഴി നൽകി. തുക കൈക്കലാക്കാൻ മറ്റ് പ്രതികളുമായി കരാറിലേർപ്പെട്ടതായി മുഖ്യപ്രതിയും കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed