നികുതി വെട്ടിപ്പ് ; ഇലക്ട്രോണിക്സ് കടയുടമകൾക്ക് കടുത്ത ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
നികുതി വെട്ടിപ്പ് നടത്തിയ പ്രമുഖ ഇലക്ട്രോണിക്സ് മെഗാസ്റ്റോർ ഉടമകളായ ബഹ്‌റൈൻ സ്വദേശി കുടുംബത്തിന് ഹൈ ക്രിമിനൽ കോടതി കനത്ത പിഴയും തടവുശിക്ഷയും വിധിച്ചു. മൂല്യവർദ്ധിത നികുതി (VAT) ഇനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക വെട്ടിച്ചതിനാണ് സ്ഥാപന ഉടമകളായ സ്വദേശി പൗരനും അദ്ദേഹത്തിന്റെ മകനും മകൾക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷ ലഭിച്ചത്. 83,000 ബഹ്റൈൻ ദിനാറിന്റെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് ഈ നടപടി.
ശിക്ഷിക്കപ്പെട്ട മൂന്ന് പേരും 83,020 ദിനാർ വീതം പിഴയൊടുക്കണം. ഇതിന് പുറമെ, കുടിശ്ശികയുള്ള നികുതി ഇനത്തിൽ 83,020 ദിനാർ നാഷണൽ ബ്യൂറോ ഓഫ് റെവന്യൂവിന് (NBR) സംയുക്തമായി നൽകാനും കോടതി ഉത്തരവിട്ടു. നിയമപരമായി ഒരു വ്യക്തിയായി പരിഗണിച്ച് കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനത്തിന് 4,89,121 ദിനാർ പ്രത്യേക പിഴയും ചുമത്തിയിട്ടുണ്ട്. ഇതോടെ നാല് പ്രതികളും ചേർന്ന് നൽകേണ്ട ആകെ തുക 8,21,201 ദിനാറായി.
67, 44, 43 വയസ്സുള്ള പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചു. കമ്പനിക്ക് കടബാധ്യതകൾ ഏറിയെന്നും നികുതി അടയ്ക്കാൻ പണമില്ലാത്ത അവസ്ഥയിലായെന്നുമാണ് ഇവർ നൽകിയ വിശദീകരണം. ഉപഭോക്താക്കളിൽ നിന്ന് നികുതി പിരിച്ചെടുത്തിരുന്നെങ്കിലും അത് സർക്കാരിലേക്ക് അടയ്ക്കുന്നതിൽ ഇവർ വീഴ്ച വരുത്തി. 2022 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മിക്ക മാസങ്ങളിലും ടാക്സ് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നെങ്കിലും തുക അടച്ചിരുന്നില്ല. നിയമപരമായി അനുവദിച്ച 120 ദിവസത്തിന് ശേഷവും പണമടയ്ക്കാത്തതിനെ തുടർന്നാണ് എൻ.ബി.ആർ നിയമനടപടികളിലേക്ക് നീങ്ങിയത്.
ഈസ ടൗണിൽ 20 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ മെഗാസ്റ്റോർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൂടാതെ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കായിക സാമഗ്രികൾ തുടങ്ങി വിവിധ മേഖലകളിൽ വ്യാപാര ലൈസൻസുള്ള സ്ഥാപനമായിരുന്നു. എന്നാൽ നികുതി കുടിശ്ശികയെ തുടർന്ന് എൻ.ബി.ആർ നിർദ്ദേശപ്രകാരം സിജിലാത്തിൽ (Sijilat) ഈ സ്ഥാപനത്തിന്റെ വാണിജ്യ ലൈസൻസ് നിലവിൽ റദ്ദാക്കിയിരിക്കുകയാണ്. 2024 ഓഗസ്റ്റ് മുതൽ സ്ഥാപനത്തിന്റെ സോഷ്യൽ മീഡിയ പേജുകളും നിശ്ചലമാണ്.
വിപണിയിൽ നികുതി നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻ.ബി.ആർ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. 2025-ൽ മാത്രം വിവിധ മേഖലകളിലായി 1,216 പരിശോധനകളാണ് അധികൃതർ നടത്തിയത്. ഇതിൽ 145 നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. നികുതി ഇൻവോയ്സുകൾ കൃത്യമായി നൽകാതിരിക്കുക, നികുതി ഉൾപ്പെടുത്തിയുള്ള വില പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. നികുതി സംബന്ധമായ പരാതികൾ 80008001 എന്ന നമ്പറിലോ 'തവാസുൽ' ആപ്പ് വഴിയോ അധികൃതരെ അറിയിക്കാവുന്നതാണ്.
aa


