ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനൊരുങ്ങി കേരള സർക്കാർ

ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാൻ നടപടിയുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട ശിപാർശ സംസ്ഥാന സർക്കാർ, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടന്പ. തുടർന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാൻസ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളിൽ ഇവരെ നിയോഗിക്കാൻ കഴിയുമെന്നും ലോ ആൻഡ് ഓർഡർ പോലെയുള്ള കാര്യങ്ങളിൽ നിയമിക്കാൻ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയൻ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സർക്കാർ ശിപാർശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യും.
പോലീസ് ആസ്ഥാനത്ത് എത്തിയ സർക്കാർ ശിപാർശയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.