പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം; 150 പേർക്കെതിരേ കേസ്

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 150 പേർക്കെതിരേ പോലീസ് കേസെടുത്തു. പരമാവധി 200 രൂപ മാത്രം പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്ത വിവരം പഞ്ചാബ് സർക്കാർ കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ എഫ്ഐആറിൽ നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചിട്ടില്ല.
ബുധനാഴ്ചയാണ് ഭട്ടിൻഡ ഹുസൈനിവാലയിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ ഒരു ഫ്ളൈഓവറിൽവച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടത്. തുടർന്ന് ഫിറോസ്പുരിൽ നടത്താനിരുന്ന ബിജെപിയുടെ റാലി റദ്ദാക്കി. കർഷക സമരത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയെ വഴിയിൽ തടഞ്ഞതെന്നാണു റിപ്പോർട്ട്. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോടു വിശദീകരണം തേടിയിട്ടുണ്ട്.