മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം പുനഃസ്ഥാപിച്ചു

മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായങ്ങൾ സ്വീകരിക്കാനുള്ള എഫ്സിആർഎ ലൈസൻസ് കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ബന്ധപ്പെട്ട വകുപ്പുകൾക്ക് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതർ സമർപ്പിച്ച രേഖകൾ തൃപ്തികരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതോടെയാണ് രജിസ്ട്രേഷൻ പുതുക്കാൻ തീരുമാനിച്ചത്.
ഡിസംബർ 25നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചത്. പുതുക്കാനുള്ള അപേക്ഷ വീണ്ടും നൽകിയിട്ടില്ലെന്നും ചട്ടങ്ങൾ ലംഘിച്ചതായുമായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പു നൽകി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നൽകുമെന്നാണ് നവീൻ പട്നായിക് ഉറപ്പു നൽകിയത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിർവാഹമില്ലാതായെന്നും മമത ട്വീറ്റ് ചെയ്തിരുന്നു.