ദിലീപിനെതിരെ തുടരന്വേഷണം; അപേക്ഷ കോടതി ജനുവരി 20−ലേക്ക് മാറ്റി


കൊച്ചി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ കോടതി ജനുവരി 20−ലേക്ക് മാറ്റി. കേസിലെ വിചാരണക്കോടതിയാണ് പ്രോസിക്യൂഷന്‍റെ അപേക്ഷ പരിഗണിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം വേണമെന്നും നിലവിൽ നടക്കുന്ന വിചാരണ നടപടികൾ നീട്ടിവയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കേസിലെ ഒന്നാം പ്രതി സുനിൽ‍കുമാർ‍ എന്ന പൾ‍സർ‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർ‍പ്പ് നടന്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിലിരുന്ന് കണ്ടുവെന്നും സംവിധായകൻ പറയുന്നു. 

ഹർജി ഇന്ന് പരിഗണിച്ചപ്പോൾ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾ പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് 20ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിനിടയിൽ‍ വിചാരണക്കോടതിയുടെ നിലപാടുകൾ‍ പ്രോസിക്യൂഷനെ ദുർ‍ബലമാക്കുന്നുവെന്ന ആരോപിച്ച് രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവച്ച സാഹചര്യത്തിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ കൂടിയാണ് സമയമെന്ന് കോടതി വാക്കാൻ പരാമർശിച്ചു.

You might also like

Most Viewed