'മാന്യമായി പറഞ്ഞുവിടണമായിരുന്നു'; ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സർക്കാരിനെതിരെ രംഗത്ത്


ശാരിക l കേരളം

തിരുവനന്തപുരം: തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുമ്പോൾ കാണിക്കേണ്ട കുറഞ്ഞ സാമാന്യ മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്ന് നടനും അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ രൂക്ഷവിമർശനം ഉന്നയിച്ചു. മാന്യതയോടെ വേണമായിരുന്നു തന്നെ പറഞ്ഞുവിടാനെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ആശാ വർക്കർമാരുടെ സമരം പരിഹരിച്ചില്ലെങ്കിൽ അത് സർക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതാണ് തന്നെ പുറത്താക്കാൻ കാരണമായതെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. ഒരാളെ സ്ഥാനത്തുനിന്നും മാറ്റുന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്, അതിൽ താൻ അഭിപ്രായം പറയുന്നില്ല. എന്നാൽ ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവർത്തിക്കുമ്പോൾ അവിടെ ഒപ്പം നിന്ന സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം ഉണ്ടാക്കുന്നത്. മാന്യമായ യാത്രയയപ്പ് പോലും താൻ ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരാളെ നാളെ മുതൽ വരേണ്ടെന്ന് തീരുമാനിച്ചാൽ ഇന്ന് തന്നെ അത് അറിയിക്കുകയും കൂലിയോ സാധനങ്ങളോ ഉണ്ടെങ്കിൽ വാങ്ങിക്കൊള്ളാൻ പറയുകയും ചെയ്യുന്നത് സാമാന്യ മര്യാദയാണ്. ആ ഒരു പരിഗണന പോലും തനിക്ക് ലഭിച്ചില്ല. താൻ പോയതിന് പിന്നാലെ നടന്ന സാംസ്കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ ആ സ്ഥാനത്ത് തുടരുന്ന വ്യക്തിയുടെ രീതി വിധേയത്വമാണോ വിനീതത്വമാണോ എന്ന് തനിക്കറിയില്ല. കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യു പ്രവർത്തകനായിരുന്നു താൻ. പി.എ ബക്കർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന 'സഖാവ്' എന്ന സിനിമയിൽ അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ചത് താനായിരുന്നു. ആ നേതാവിന്റെ ജീവിത വിശുദ്ധിയും മനുഷ്യപക്ഷത്തുനിൽക്കുന്ന നിലപാടുകളുമാണ് തന്നെ മാർക്സിസത്തോട് അടുപ്പിച്ചത്. കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. അതിനിടെ തന്റെ ചില ലേഖനങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അങ്ങനെയിക്കെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർബന്ധത്തെ തുടർന്നാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്.

ആ കാലയളവിൽ ഒരു സിനിമ പോലും ചെയ്യാതെ പൂർണ്ണമായി അക്കാദമിയിൽ പ്രവർത്തിച്ചപ്പോൾ തനിക്ക് ഓണറേറിയമായി ലഭിച്ചത് 10,000 രൂപയായിരുന്നു. ആ സമയത്ത് സിനിമാ നടൻ എന്ന നിലയിൽ പരിപാടികൾക്ക് പോകുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ട് പോയത്. അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ മാന്യമായി വേണമെന്ന ഒരു മനുഷ്യന്റെ സാമാന്യ പ്രതികരണമാണ് തന്നിൽ നിന്ന് ഉണ്ടായതെന്നും തന്നെ പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

article-image

sdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed