ആഗോള അയ്യപ്പ സംഗമം വിവാദം: ഭജൻസിന്റെ പേരിലുണ്ടായത് സാങ്കേതിക പിശകെന്ന് ദേവസ്വം ബോർഡ്
ശാരിക l കേരളം
കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഭജൻസിന്റെ പേരിൽ ഉയർന്ന വിവാദങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിശകാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭജൻസിന് പകരം ക്ഷേത്ര വാദ്യകലകളാണ് പരിപാടിയിൽ അരങ്ങേറിയതെന്നും, എന്നാൽ റിപ്പോർട്ടിൽ ആദ്യ എസ്റ്റിമേറ്റ് പ്രകാരമുള്ള ഭജൻസിന്റെ പേര് ഉൾപ്പെടുത്തിയതാണ് ചെലവ് വരാൻ കാരണമായതെന്നുമാണ് ബോർഡിന്റെ വിശദീകരണം.
പരിപാടിയുടെ ആദ്യ എസ്റ്റിമേറ്റിൽ 'നന്ദഗോവിന്ദം ഭജൻസിന്റെ' പേര് ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി നിശ്ചയിച്ചതിനാൽ ഇത് ഒഴിവാക്കിയിരുന്നു. പകരമായി ക്ഷേത്ര വാദ്യകലകളാണ് നടത്തിയത്. എന്നാൽ ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റർക്ക് ലഭിച്ചത്. പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ഈ എസ്റ്റിമേറ്റ് കൂടി ഉൾപ്പെടുത്തിയാണ് വിജയൻ അസോസിയേറ്റ് ഓഡിറ്റ് റിപ്പോർട്ട് നൽകിയത്. ഗായകൻ ഇഷാൻ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നൽകിയതെന്നാണ് സൂചനകൾ. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് ദേവസ്വം ബോർഡ് സമ്മതിക്കുന്നു.
കണക്കുകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടി വന്നതിന്റെ തിരക്കിൽ ആദ്യ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. പരിപാടിയിൽ വന്ന മാറ്റങ്ങളോ, അത് പൂർത്തിയായ ശേഷം ബില്ലുകളിൽ ഉണ്ടായ വ്യത്യാസങ്ങളോ ഓഡിറ്റ് സ്ഥാപനത്തെ യഥാസമയം അറിയിച്ചിരുന്നില്ല. വളരെ വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് ഈ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാഞ്ഞതെന്നാണ് ബോർഡിന്റെ പക്ഷം.
ഇക്കാര്യത്തിൽ ഈ മാസം 17-ന് വിശദമായ പരിശോധന നടത്താൻ ദേവസ്വം ബോർഡ് അധ്യക്ഷൻ തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കും. ഇതിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയൂ എന്നും ദേവസ്വം ബോർഡ് അറിയിച്ചു.
േേ്


